Friday, June 26, 2020

ക്വിസ് മത്സരം വിജയികള്‍

കണമല വൈ എം എ പബ്ലിക് ലൈബ്രറിയും സാൻതോം ഹൈസ്കൂളും വായനപക്ഷാചരണത്തോടനുബന്ധിച്ച്  സംയുക്തമായി സംഘടിപ്പിച്ച  ക്വിസ് മത്സരത്തിൽ 163 കുട്ടികൾ പങ്കെടുത്തു. എന്നാൽ പറഞ്ഞിരുന്ന സമയത്ത് മത്സരം പൂർത്തിയാക്കിയത് 92 പേർ മാത്രമാണ് അതിൽ നിന്ന് വിജയിച്ചവരുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി ...
വിജയികൾക്ക് അഭിനന്ദനങ്ങൾ....
സമ്മാനദാനം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് . 

ക്വിസ് മത്സരം ഇന്ന്

Thursday, June 18, 2020

ഭൂമിക്കൊരു അൺലോക്ക്



കൊറോണ ഇന്ന് ലോകത്തുള്ള ആരു കേട്ടാലും ഒന്ന് ഞെട്ടുന്ന വാക്ക്. അത്രധികം ഭയവും ആശങ്കയും ഉളവാക്കികഴിഞ്ഞു ഇൗ മഹാമാരി. ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് കീഴടക്കികഴിഞ്ഞു. എല്ലാവരും ലോക്ഡൗൺ ആയ ദിവസങ്ങൾ. എത്ര പെട്ടെന്നാണ് ലോകം മാറിമറിഞ്ഞത്?
ഈ മഹാമാരി ഭീതിയുണർത്തുമ്പോഴും പ്രകൃതിയെപറ്റി ചിന്തിക്കുമ്പോൾ വർഷത്തിലോ മാസത്തിലോ കുറച്ചു ദിവസമെങ്കിലും ലോക്ഡൗൺ ആചരിക്കണമെന്നു ആഗ്രഹിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗവും. ഇന്ന് മനുഷ്യന് ധൃതിയില്ല, ട്രാഫിക് ജാമുകൾ ഇല്ല, വാഹന അപകടങ്ങൾ ഇല്ല, സ്ത്രീ പീഡനങ്ങൾ ഇല്ല, ജാതിയില്ല, മതമില്ല മനുഷ്യനു അഹങ്കാരം ഇല്ല.
ഭൂമി ഇപ്പൊൾ സന്തോഷവതിയാണ്. അന്തരീക്ഷം ശുദ്ധമാണ്, നല്ല വായു ഉണ്ട് , മലിനല്ലാത്ത നദികൾ ഉണ്ട്. ഇതിനു മുൻപത്തെ ചിത്രം നമുക്കെല്ലാം അറിയാം. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള വിഷപ്പുക ഭൂമിയെയും അന്തരീക്ഷത്തെയും മലിനമാക്കി, പ്രാണവായു അശുദ്ധമാക്കി. ഹോട്ടലുകളിൽ നിന്നും, വീടുകളിൽ നിന്നും ഉള്ള മാലിന്യങ്ങൾ നദിയെ മലിനമാക്കിയിരുന്നു. ഇന്ന് ഓരോ നദിയും നാളുകൾക്ക് ശേഷം ശുദ്ധമായി ഒഴുകുന്നു.
ജാതിയുടേയും മതത്തിന്റേയും പേരിൽ കലഹിച്ചിരുന്നവർ ഇന്നു ഒറ്റക്കെട്ടായി പോരാടുന്നു. ആരാധനാലയങ്ങളിൽ പോകാതെ വീടുകളിൽ ഇരുന്നു പ്രാർത്ഥിക്കുന്നു. സമ്പത്തുള്ളവനും പാവപ്പെട്ടവനും ഒന്നാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. രോഗത്തിന് ജാതിയില്ല, മതമില്ല ,രാഷ്ട്രീയമില്ല, പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ ഇല്ല. എല്ലാവരും തുല്യർ.
ഭൂമി തന്റെ മാത്രം കുത്തക ആയി കണ്ട മനുഷ്യൻ ഇന്ന് ലോക്ഡൗൺ ആകുമ്പോൾ ജീവജാലങ്ങളും പക്ഷി മൃഗാദികളും അവരുടെ പ്രകൃതിയെ, അവരുടെ വാസസ്ഥലത്തെ പൂർണ്ണ സ്വാതന്ത്ര്യത്തിൽ കിട്ടിയതിന്റെ സന്തോഷത്തിലാവാം. മനുഷ്യൻ സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി ഇല്ലായ്മ ചെയ്തതാണീ പ്രകൃതി. പക്ഷേ കാലചക്രത്തിന്റെ യാത്രയിൽ ഇതെല്ലാം മനുഷ്യന് അവകാശമില്ലാത്തതായി വന്നു. ലോക്ഡൗൺ കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ ഇതൊന്നും ഓർക്കാതെ പഴയവ തന്നെ വീണ്ടും മനുഷ്യൻ ആവർത്തിക്കും. അങ്ങനെ ആവർത്തിച്ചാൽ ഓർത്തുകൊള്ളുക മനുഷ്യാ ഇനിയൊരു ദുരന്തം താങ്ങാൻ നിനക്കു കഴിഞ്ഞു എന്നു വരില്ല.
ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം ലോക്ഡൗൺ കഴിഞ്ഞ് അൺലോക്ക് ആകുമ്പോൾ ഭൂമിയെയും നമ്മളെയും വീണ്ടും ലോക്ഡൗൺ ആക്കാതിരിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം നമ്മുടെ ഭൂമി എന്നും അൺലോക്ക് ആയി ഇരിക്കട്ടെ.
അന്നമ്മ ക്ലീറ്റസ്
9A സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

കാത്തിരിപ്പ്




അവൾ എട്ട് മാസം ഗർഭിണി ആയിരുന്നപ്പോഴാണ് എനിക്ക് കമ്പനിയിൽ നിന്ന് വിളി വന്നത്
. നാട്ടിൽ നിന്ന് വിമാനം കയറുവാൻ എനിക്ക് നന്നേ വിഷമം ഉണ്ടായിരുന്നു, തയാറെടുപ്പുകൾ ഇല്ലാതെ ഉള്ള യാത്രയ്ക്ക് നിരാശയുടെയും വിദൂരതയുടെയും കാഠിന്യം കൂടുതൽ ആയിരുന്നു. എയർപോർട്ടിലേക്ക് എന്റെ ലഗ്ഗേജുകളും വഹിച്ചു കൊണ്ട് യാത്രയ്ക്കായി അക്ഷമയോടെ കിടന്ന കാറിനുള്ളിലേക്ക് കയറുമ്പോഴും പുറകിലേക്ക് ശ്രദ്ധ തിരിക്കുവാൻ എന്റെ ഹൃദയം അനുവദിച്ചില്ല. വാഹനം അകന്ന മാത്രയിൽ അറിയാതെ നിയന്ത്രണം നഷ്ടപ്പെട്ട കണ്ണുകൾ ഉമ്മറത്തെ തൂണിനു മറഞ്ഞ് പൊട്ടിക്കരയുന്ന തന്റെ പ്രാണസഖിയെ ഒപ്പിയെടുത്തു
.

വർഷങ്ങൾക്കു ശേഷം തിരികെ നാട്ടിലേക്ക്
... എന്റെ മനസ്സ് ആവേശം കൊണ്ടു. ഈ മടക്കവും യാദൃശ്ചികം തന്നെ. വിമാനത്തിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ കാത്തിരുന്ന ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരുടെ അടുക്കലേക്ക് ആണ് എയർപോർട്ട് അധികൃതർ ഞങ്ങളെ പറഞ്ഞയച്ചത്. ആശുപത്രി മുറിക്കുള്ളിലെ 20 ദിവസങ്ങൾക്ക് പ്രവാസത്തിന്റെ 2 വർഷത്തേക്കാൾ ആയാസം കൂടുതലായി എനിക്ക് അനുഭവപ്പെട്ടു .
പ്രത്യേക വാർഡിനുള്ളിൽ അനുവദിക്കപ്പെട്ട മുറിക്കുള്ളിൽ ഒറ്റപ്പെടലിന്റെ ഭാരം എന്നെ വല്ലാതെ തളർത്തി. ആ മുറിക്കുള്ളിലെയ്ക്ക് സന്ദർശകരെന്ന് പറയുവാൻ സാധിക്കുന്നത് ബിൻ ബാഗുകളും ആപ്രോണുകളും ധരിച്ച് പരിശോധനയ്ക്കായി എത്തുന്ന ഭിഷ്വഗ്വരന്മാർ മാത്രം ആണ്. എന്തെല്ലാമോ പരിശോധനകൾക്ക്‌ ശേഷം അവർ എന്നെ ആശുപത്രി മുറിക്കുള്ളിലേയ്ക്ക് ശുപാർശ ചെയ്തു. പ്രിയപ്പെട്ട കൂടിച്ചേരലുകൾക്കായുള്ള കാത്തിരിപ്പ് ഇനിയും അവസാനിക്കുന്നില്ല.ദൗർഭാഗ്യത്തിന്റെയും വിധിയുടെയും സമന്വയം എന്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടുകയാണോ?ഡോക്ടർമാരിൽ ഭൂരിഭാഗവും താമസിയാതെ സൗഹൃദങ്ങൾ ആയി പരിണമിക്കപ്പെട്ടു. അതിൽ ഒരു ചെറുപ്പക്കാരൻ ഡോക്ടർ കൂടുതൽ ഉത്സാഹവാനാണ്. അദ്ദേഹം എന്നെ സന്ദർശിച്ചതിനിടയിൽ അയാളുടെ വീട്ടുകാര്യങ്ങളും പങ്കുവച്ചു. അയാൾക്ക് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.പക്ഷേ... അവരെ കണ്ടിട്ട് ഒരു മാസത്തിനു മേൽ ആയിരിക്കുന്നു. ബാല്യം ഉറയ്ക്കാത്ത പൈതങ്ങളെ കാണുവാൻ ഉള്ള വാഞ്ഛ ആ ചെറുപ്പക്കാരന്റെ ഉള്ളിലും അധികമാണ്,പക്ഷേ... സാഹചര്യങ്ങൾ മനുഷ്യൻറെ ആഗ്രഹങ്ങൾക്ക് അതീതം ആണ്. നിറഞ്ഞ കണ്ണുകളിൽ നിന്ന് മിഴിനീർ ഉതിരുന്നതിന് മുൻപേ ചെറുപ്പക്കാരൻ എന്നെ കടന്നു പോയി
കാത്തിരിപ്പിന് ശേഷം ആതുരാലയത്തിന്റെ പുറത്തേയ്ക്കുള്ള യാത്രാ വേള ആഗതമായി. വീട്ടിലേക്കുള്ള യാത്രാരംഭത്തിൽ യാത്രയയപ്പ് നൽകുന്നതിനായി ആ ചെറുപ്പക്കാരൻ ഉൾപ്പടെ സേവന സന്നദ്ധരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു.മടക്കയാത്രയിൽ എന്റെ ശ്രദ്ധ ആ ചെറുപ്പക്കാരന്റെ മുഖത്തിനു നേരെ മാത്രമായി ചുരുങ്ങപ്പെട്ടു..... തിരിച്ചു ലഭിച്ച ആനന്ദം ഭവനത്തിനുള്ളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പൈതലിനെ വാരിപ്പുണർന്ന് മാറോടൊതുക്കി ജീവിതത്തിലെ സഹസഞ്ചാരിയെ ആലിംഗനം ചെയ്തു കൊണ്ട് ഞാൻ കാത്തിരിപ്പിന് വിരാമം കുറിച്ചു. അപ്പോൾ മൊബൈൽ ഫോണിനുള്ളിൽ ഒതുങ്ങിയ കുടുംബ ചിത്രത്തിൽ ചെറുപ്പക്കാരന്റെ ചുണ്ടുകൾ അമരുകയായിരുന്നു. നിമിഷങ്ങൾക്ക് വില കൽപ്പിച്ചു കൊണ്ട് പുറത്തുനിന്ന് അയാളുടെ നാമം ഉദ്ധരിച്ചുകൊണ്ട് മറ്റൊരാളുടെ വിളി ഉയർന്നു... നിറകണ്ണുകളോടെ തല ഉയർത്തി ആവേശം വീണ്ടെടുത്ത് അയാൾ പുറത്തേയ്ക്ക് നടന്നു...പുതിയ അതിഥികളുടെ അരികിലേക്ക്......





വിപിൻ സാം മാത്യു
9 സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



തളിർപ്പ്


വെയിലിനെയും
മഴയെയും
അതിജീവിച്ച്
ഞാനൊരു
പുതുകിളിർപ്പാകുമ്പോൾ
എഴുതും
ഞാനാ ഇതളുകളിൽ
ഒരു മഹാമാരിതൻ കഥയും
അതിജീവനത്തിന്റെ തുടിപ്പും......
റെയ്ഹാൻ ഫാത്തിമ
9 ബി സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത








Monday, May 4, 2020

അന്നു പെയ്ത മഴയിൽ

അന്നു പെയ്ത മഴയിൽ
മഴത്തുള്ളികൾ ഊർന്നിറങ്ങുന്ന ജനൽക്കമ്പികൾക്കിടയിലൂടെ പടർന്നു നിൽക്കുന്ന മരത്തിലെ കൊഴിഞ്ഞു പോകാൻ ആയതും കിളിർത്തു വരുന്നതുമായ ഇലകളെ നോക്കുമ്പോഴും അയാളുടെ മരവിച്ച മനസ്സിൽ ആ വൃദ്ധൻ തിങ്ങിനിന്നിരുന്നു.... ഒരു സ്വപ്നം എന്ന പോലെ അയാൾ ഒന്നു ഞെട്ടി അല്ല.... അത് സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.. എവിടെ നോക്കിയാലും ആ വൃദ്ധന്റെ മുഖം എനിക്കിനി ആയുസ്സില്ല ,എന്നാൽ അയാൾ ഇനിയും ജീവിക്കേണ്ടതാണ് ഒരുപാട് വളരേണ്ടതാണ്.... എന്ന ദയനീയമായ ശബ്ദം മോനേ ഞാൻ പോകുന്നു നീ അതിജീവിക്കണം.... വീടിനും നാടിനും നന്മയുള്ളവൻ ആകണമെന്ന് ആ വൃദ്ധന്റെ അവസാന വാക്കുകൾ.....
പാതി ബോധത്തിൽ അയാളുടെ മനസ്സിൽ പതിഞ്ഞത് ഇത്രമാത്രം എന്നാൽ എന്താണ് അവിടെ സംഭവിച്ചത് എന്ന് ബെൻ ഫ്രാൻസിസിന് മനസ്സിലായില്ല.....
കണ്ണുതുറന്നപ്പോൾ താൻ ഇപ്പോൾ തനിയെ ഒരു മുറിയിൽ ആണെന്നും പുറത്തു മഴ പെയ്തു കഴിഞ്ഞിരിക്കുന്നു എന്നും മാത്രമേ അയാൾക്ക് മനസിലാക്കാൻ കഴിഞ്ഞുള്ളൂ..... തനിക്ക് എന്തോ വലിയ രോഗമാണ്. ശ്വാസം എടുക്കാൻ കഴിയുന്നില്ല, ശരീരമാകെ എന്തൊക്കെയോ അസ്വസ്ഥതകൾ..... ആരും തന്നെ തന്റെ അടുത്തേക്ക് വരാത്തത് എന്താണ്? വന്നാൽ തന്നെ ശരീരം മുഴുവൻ മറച്ചു മനസ്സിലാക്കാൻ കഴിയാത്തവിധം വസ്ത്രം ധരിച്ചിരിക്കുന്നതിന് കാരണമെന്താവാം? ആ വൃദ്ധൻ ആരായിരിക്കാം? ഇങ്ങനെ കുറെയധികം ചോദ്യങ്ങളും ചിന്തകളും അയാളെ അലട്ടിക്കൊണ്ടിരുന്നു......
തന്റെ മുറിയിലേക്ക് ആരോ വരുന്നതായി ബെന്നിന് തോന്നി... ഇയാൾ അതിജീവിച്ചു.... ഇനി വെറും മൂന്ന് ദിവസം കഴിഞ്ഞാൽ വീട്ടിൽ വിടാൻ ആകും... ആരോപറയുന്നത് കിടക്കയിൽ കിടന്ന് കേട്ടു... മങ്ങിയ ബോധം പതിയെ പതിയെ തിരികെ വരുന്നതായി അയാൾക്ക് തോന്നി...
അവസാനം താൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണെന്നും തന്നെ കോവിഡ്-19 എന്ന വില്ലൻ കീഴടക്കിയതായിരുന്നു എന്നും ബെൻ മനസ്സിലാക്കി......
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.... അയാളുടെ രോഗം ഭേദമായി.... ഇപ്പോൾ നന്നായി ശ്വാസം എടുക്കാൻ സാധിക്കും... പഴയ ആരോഗ്യം തിരികെ വന്നതുപോലെ തോന്നുന്നു... ഇപ്പോൾ അയാൾ സന്തോഷവാനാണ്. എന്നാലും ആ വൃദ്ധനും അയാളുടെ വാക്കുകളും ബെന്നിനെ അലട്ടിക്കൊണ്ടിരുന്നു.....
അവസാനം തന്നെ ശുശ്രൂഷിച്ച ഡോക്ടറോട് ആ വൃദ്ധനെ പറ്റി അയാൾ അന്വേഷിച്ചു.. വെന്റിലേറ്റർകൾക്ക് വേണ്ടി നെട്ടോട്ടമോടുന്ന സമയത്ത്, ഒരു രോഗിയെ മരണത്തിനു വിട്ടു കൊണ്ട് മറ്റൊരു കൂടുതൽ പ്രതീക്ഷയുള്ള രോഗിയെ രക്ഷിക്കാൻ ശ്രമിക്കുന്ന സമയത്ത്, "അയാളെ രക്ഷിക്കൂ... അയാൾ ഇനിയും ജീവിക്കേണ്ടവനാണ്... വളരേണ്ടവനാണ് "എന്ന് പറഞ്ഞു സ്വന്തം വെന്റിലേറ്റർ ഉപേക്ഷിക്കാൻ തയ്യാറായ, ഇറ്റലിയിലെ തെരുവുകളിൽ ഭിക്ഷതേടി നടന്ന ഒരു പടുവൃദ്ധൻ..... ഡോക്ടർ ഇത്രയും പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ബെന്നിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ അണപൊട്ടിയൊഴുകി തുടങ്ങിയിരുന്നു..... അയാൾ പതറിയ സ്വരത്തിൽ ഡോക്ടറോട് ചോദിച്ചു.. ആരായിരിക്കും ആ വൃദ്ധൻ? ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു, അറിയില്ല.... എനിക്കും ഒരുപക്ഷേ തനിക്കും ആ വൃദ്ധനെ അറിയില്ല... എന്നാൽ അയാൾക്ക് തന്നെ നന്നായി അറിയാം... വളരെ നന്നായി... കാരണം തന്നെ നോക്കുന്ന ഓരോ നിമിഷവും ആ കണ്ണുകളിൽ അത് പ്രകടമായിരുന്നു.ഡോക്ടർ പറഞ്ഞു നിർത്തി...
അയാൾ തളർന്നിരുന്നു.. ശരീരമാകെ ഇല്ലാതാകുന്നതുപൊലെ... ജീവനൊടുക്കിയാലോ എന്ന് വരെ തോന്നിപ്പോയ നിമിഷം.... തിരിഞ്ഞു നടന്ന ഡോക്ടറെ വിളിച്ചിട്ട് അയാൾ പറഞ്ഞു: അതാരാണെന്ന് എനിക്കറിയാം..... എനിക്കേ അറിയൂ...... ഡോക്ടർ പറഞ്ഞു: എനിക്കും അറിയാം...... എന്നാൽ താൻ ആരാണെന്ന് ഒരിക്കലും നിങ്ങൾ അറിയരുതെന്നും പറയരുതെന്നും ഞങ്ങളോട് ആ വൃദ്ധൻ പറഞ്ഞിരുന്നു.... അന്ത്യാഭിലാഷം...... അത് പാലിക്കണ്ടേ?
ബെൻ നിശബ്ദനായി.... മരിച്ചാലോ എന്ന് വരെ അയാൾ ആലോചിച്ചു..... അപ്പോഴാണ് നീ നാടിനും വീടിനും നന്മയുള്ളവൻ ആകണമെന്ന ആ വൃദ്ധന്റെ വാക്ക് അയാൾക്ക് ഓർമ്മവന്നത്... അതിജീവിച്ചു.... ഇനി ജീവിക്കണം അയാൾ തീരുമാനിച്ചു.
ആർത്തിരമ്പുന്ന മഴ.... അയാൾ മഴയിലേക്കിറങ്ങി.... തന്റെ പാപക്കറ മഴത്തുള്ളികളിൽ ഒലിച്ചിറങ്ങുന്നതു പോലെ അയാൾക്ക് തോന്നി.....
മഴത്തുള്ളികൾ തന്നെ സ്പർശിച്ചു ഊറി വീണു കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ മന്ത്രിച്ചു..
അച്ഛൻ.. എന്റെ അച്ഛൻ...
അതെ, അത് അയാളുടെ അച്ഛനായിരുന്നു.. പണവും പ്രതാപവും ആയി മനസ്സിൽ ഇരുട്ടുമൂടിയ സമയത്ത് പെരുവഴിയിൽ അയാൾ ഇറക്കിവിട്ട അയാളുടെ സ്വന്തം അച്ഛൻ....
മഴ തീർന്നു.... കാർമേഘങ്ങൾ തങ്ങളുടെ ഐശ്വര്യം ഭൂമിയിൽ ആകെ വിതറി.... തന്റെ അച്ഛനെ ഇറക്കിവിട്ട ആ തെരുവിലൂടെ ഒരു നനഞ്ഞ പട്ടിയെപ്പോലെ പതിയെ ബെന്നും നടന്നു മറഞ്ഞു...

റെയ്ഹാൻ ഫാത്തിമ
9B സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു