Sunday, March 4, 2012


ഭൂമിതന്‍ മാറിലേയ്ക്കിറ്റിറ്റു വീഴുന്ന
അമ്മതന്‍ കണ്ണീര്‍കണങ്ങള്‍
ദാഹജലത്തിന്നായ് കേഴുന്ന ഭൂമിതന്‍
തോരാത്ത മിഴിനീര്‍കണങ്ങള്‍

പൊയ്പോയ് മറഞ്ഞൊരു ശീതളച്ഛായയും
മുക്കുറ്റിപ്പൂവിന്റെ നൈര്‍മല്യവും
ശബ്ദം നിലച്ചൊരു പാതിരാപ്പുള്ളിന്റെ
യാചനാദീപ്തസ്മരണകളും
അലിയുന്നിതെന്‍ മണിചെപ്പില്‍

എവിടെ നിന്‍ ആത്മമുരളിയിലൊഴുകിയ
പാലരുവിതന്‍ ഗാനം?
എവിടെ നിന്‍ പുഞ്ചിരി തൊട്ടുണര്‍ത്തീടുന്ന
കവിഭാവനാഗേഹം?

വെട്ടിനിരത്തുന്നു അമ്മതന്‍ ഹൃത്തം
തട്ടിയുടയ്ക്കുന്നു അമ്മ തന്‍ നെഞ്ചും
ഭൂമി അമ്മതന്‍ മാനസപുത്രര്‍!

കേഴുന്ന പേടമാന്‍ കുഞ്ഞല്ലയിന്നിവള്‍
കരയുന്ന പുതുപൈതലല്ല
വിരഹിണിയായ യുവതിയല്ല
മക്കള്‍തന്‍ ദ്രോഹം കടിച്ചിറക്കുന്ന ഒരമ്മ മാത്രം!

അമ്മതന്‍ മാറ്റം കൊതിക്കുന്ന പുതുജന്മങ്ങളുടെ
മാറ്റം കൊതിക്കാത്ത മാതാവ്

കണ്ണീര്‍ തിരതല്ലും കടലലപോല്‍
നിലയ്ക്കാത്ത ആനന്ദലഹരിപോല്‍
ഉന്മാദമാക്കുന്ന സൗന്ദര്യവും
എവിടെപ്പോയ് മറയുന്നു?

പണ്ടെങ്ങോ കേട്ടുമറന്ന നുണക്കഥപോല്‍
പണ്ടെങ്ങോ രുചിച്ചൊരു മാമ്പഴം പോല്‍
ഭൂമിതന്‍ സൗന്ദര്യം നുകരുന്ന കവിഹൃദയം പോല്‍
ഓര്‍മ്മകളൂയലാടുന്ന ഒട്ടുമാവും
പൊയ് പോയ് മറയുന്നുവോ?

കേള്‍ക്കൂ ഒരമ്മതന്‍ ദീനരോദനം
അറിയൂ ഈ അമ്മതന്‍ യാചനാശബ്ദം.......
ഭൂമിതന്‍ കണ്ണീര്‍ നിലയ്ക്കുന്നില്ല.......


ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു