ഫെബ്രുവരി മൂന്നാം തീയതിവൈകുന്നേരം. ഞാന്‍ വീട്ടില്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോണ്‍ബെല്ല് അടിച്ചതും മമ്മി ആരോടൊസംസാരിക്കുന്നതും
കേട്ടു. കാര്യമായി ശ്രദ്ധിച്ചില്ല. പക്ഷെ ബ്ളെസ്സി... എന്നും ഗൈഡിംഗ് എന്നും, ഹൈദരാബാദ്... എന്നും ചില വാക്കുകള്‍ കേട്ടപ്പോള്‍ അടക്കാനാവാത്ത ജിജ്ഞാസ തോന്നി. വായന നിര്‍ത്തി സംഭാഷണം ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മി പറഞ്ഞു മോളേ എത്സിടീച്ചര്‍വിളിക്കുന്നു. എത്സിടീച്ചര്‍ ഞങ്ങളുടെ ഗൈഡ് ക്യാപ്ററനാണ്. ഞങ്ങള്‍ 38 പേരാണ് ഗൈഡുകളായി സ്കൂളിലുളളത്. ബുധന്‍, വെളളി ദിവസങ്ങളില്‍ ടീച്ചര്‍ ഞങ്ങള്‍ക്കു ക്ളാസ്സെടുക്കും. എരുമേലിയിലും ചാലക്കുടിയിലും വെച്ചുനടന്ന ക്യാംപുകളില്‍ ഞങ്ങളില്‍ പലരും സംബന്ധിച്ചിരുന്നു. പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളിലെത്തുന്നതിലും സേവനം ചെയ്യുന്നതിലും, ധാരാളം കാര്യങ്ങള്‍ പഠിക്കാനവസരം ലഭിച്ചതിലും ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമായിരുന്നു.
ഞാനോടിച്ചെന്ന് ഫോണ്‍ വാങ്ങി. ടീച്ചര്‍ പറഞ്ഞു, മോളേ നിനക്ക് ഹൈദരാബാദില്‍ വച്ചുനടക്കുന്ന ദേശീയ ക്യാംപിന് പോകാന്‍ താല്പര്യമുണ്ടെങ്കില്‍ വിടാം.പെട്ടെന്ന് എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല . ഒരുനിമിഷം എന്തു പറയണമെന്നുപോലും അറിയാതെ നിന്നു. പിന്നെ പെട്ടെന്ന് ഒന്നുമാലോചിക്കാതെ പറഞ്ഞു, പോകണം... ഞാനും വരുന്നു. പിന്നെ മമ്മിയും ടീച്ചറും തമ്മില്‍ കുറെനേരം സംസാരിച്ചു. ഒടുവില്‍ മമ്മി പറഞ്ഞു പപ്പ വരട്ടെ , ചോദിച്ചിട്ടു പറയാം.പപ്പ വന്നപ്പോള്‍ വിഷയം അവതരിപ്പിച്ചു.ആദ്യമൊന്നും പപ്പ സമ്മതിച്ചില്ല. കുഞ്ഞല്ലേ ? ദൂരെയല്ലേ? കുറെ ദിവസങ്ങള് മാറിനില്ക്കണ്ടേ? അങ്ങനെ പല പ്രശ്നങ്ങള്‍ .ഞാന്‍ വാശി പിടിച്ചു. സങ്കടവും വന്നു. ഒടുവില്‍ പപ്പയും മമ്മിയും സമ്മതിച്ചു. ഞാന്‍ പപ്പയെയും മമ്മിയെയും കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് എനിക്ക് കരച്ചില്‍ വന്നു.
ഫെബ്രുവരി അഞ്ചാം തീയതി ഞായറാഴ്ച. എനിക്കത് അവിസ്മരണീയമായ ദിവസമായിരുന്നു. ഇന്നാണ് ഞങ്ങളുടെ ഹൈദരാബാദ് യാത്ര. നല്ല തണുപ്പുണ്ടായിരുന്നെങ്കിലും അതിരാവിലെ ഞാനുണര്‍ന്നു. രാത്രിയില്‍ ശരിക്ക് ഉറങ്ങിയില്ലെന്നതാണു സത്യം . ധൃതിയില്‍ ഒരുങ്ങി. ബാഗുമെടുത്ത് പപ്പയോടൊപ്പം ആറുമണിക്കുള്ള ബസ്സില്‍ കോട്ടയത്തേയ്ക്ക്....ഞങ്ങളുടെ സ്കൂളില്‍നിന്ന് ഞങ്ങള്‍ നാലു പേരുണ്ടായിരുന്നു. ജസീന്ത,പാര്‍വതി,ആശ പിന്നെ ഞാനും. കേരളത്തില്‍ നിന്ന് ആകെ പതിനാറു പേരെയുള്ളൂ. അതില്‍ നാലും ഞങ്ങളുടെ സ്കൂളില്‍നിന്ന്. എനിക്ക് ഒത്തിരി അഭിമാനം തോന്നി. റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ മററു കൂട്ടുകാരും അവരുടെ രക്ഷിതാക്കളും. എല്ലാവരുടെയും മുഖത്ത് സന്തോഷം. ചില രക്ഷിതാക്കളുടെ മുഖത്ത് നേരിയ മ്ളാനത. അഞ്ചാറു ദിവസത്തേയ്ക് മക്കളെ പിരിഞ്ഞിരിക്കണ്ടേ?
ഒന്‍പതേമുക്കാല് കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു.ഞങ്ങളുടെ ആവേശത്തോളം നീളമുണ്ട് ട്രെയിനിനും എന്നെനിക്കു തോന്നി. തിക്കിത്തിരക്കാതെ തന്നെ ട്രെയിനില്‍ കയറി.യാത്ര അയയ്ക്കാന്‍ വന്നവരുടെ സ്നേഹപ്രകടനങ്ങള്‍ക്കിടയില്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഞങ്ങള്‍ തമാശ പറഞ്ഞും, പൊട്ടിച്ചിരിച്ചും, പുറത്തെ കാഴ്ച്ചകള്‍ കണ്ടുമിരുന്നു. വിശാലമായ നെല്‍പ്പാടങ്ങള്‍ ,വാഴത്തോട്ടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍, കായലുകള്‍, നദികള്‍, മൊട്ടക്കുന്നുകള്‍, കാറ്റത്താടുന്ന പൂച്ചെടികള്‍, ഓടിമറയുന്ന കര്‍ഷകര്‍, മേഞ്ഞുനടക്കുന്ന കാലിക്കൂട്ടങ്ങള്‍, ജലാശയങ്ങളില്‍ വിടര്‍ന്നു നില്ക്കുന്ന ആമ്പല്‍ പൂക്കള്‍, മൂടിക്കിടക്കുന്ന പായല്‍ക്കൂട്ടം. എത്രയോ സുന്ദരമായ കാഴ്ചകള്‍. ഭാരതപ്പുഴയും, കലാമണ്ഡലവും മനസ്സില്‍നിന്നു മായുന്നതേയില്ല. ഷൊര്‍ണൂരും പാലക്കാടും പിന്നിട്ട് തമിഴ് നാട്ടിലേയ്ക്. കാട്ടാനക്കൂട്ടങ്ങള്‍ പോലെ ഭീമമായ കരിമ്പാറക്കെട്ടുകള്‍,മുകളില്‍ പഞ്ഞിപോലെ പറക്കുന്ന മേഘക്കീറുകള്‍, കരിമ്പനക്കൂട്ടങ്ങള്‍,വരമ്പുപിടിപ്പിച്ച കണ്ടങ്ങളും പച്ചവിരിച്ച വയലുകളും. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചു പള്ളികൊള്ളുന്ന എന്റെ കേരളം എത്ര മനോഹരം എന്ന് ഞാന്‍ കണ്ടും കേട്ടും അനുഭവിച്ചും അറിയുകയായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇതും നിന്‍മടിത്തട്ടില്‍ തന്നെ ആകണേ എന്ന് ഞാനും കവിയോടൊപ്പം പ്രാര്‍ത്ഥിച്ചുപോയി.
തമിഴ് നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും നമ്മുടേതില്‍ നിന്നും വളരെ വിഭിന്നമാണ്. നോക്കെത്താദൂരത്തോളം കൃഷിയിടങ്ങള്‍.ഒരുപാടു ദൂരം സഞ്ചരിച്ചുകഴിയുമ്പോള്‍ കുറെ വീടുകള്‍ ... രാത്രിയില്‍ അത്താഴവും കഴിഞ്ഞ് കുറേ നേരം പുറത്തേയ്കു നോക്കിയിരുന്നു. ഇരുട്ട് കരിമ്പടം വീഴ്ത്തിയിരിക്കുന്നു.കാര്യമായൊന്നും കാണാനില്ലെന്നായപ്പോള്‍ ഉറങ്ങി.അതിരാവിലെ ഉണര്‍ന്നു. കാപ്പികുടിയും കഴിഞ്ഞ് വീണ്ടും കാഴ്ചകാണല്‍, വര്‍ത്തമാനം ,പൊട്ടിച്ചിരി, കളിതമാശ. ഗുണ്ടൂര്‍,നലപാട്, സിരിപുരം, പീടുലെ,സേലം, കോയമ്പത്തൂര്‍, ചെന്നെ,സ്ഥലങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് നെയ്ച്ചോറ്. ഉച്ചകഴിഞ്ഞ് 4മണിയോടെ സെക്കന്ദരാബാദില്‍ വണ്ടിയെത്തി. 229-ാം നമ്പര്‍ ബസില്‍ ജയലളിതാനഗരിയിലേയ്ക്ക്. അവിടെയാണ് ക്യാമ്പ്. ജയലളിതാപാര്‍ക്കില്‍ എല്ലാവരും ഒത്തുകൂടി. കേരളം,തമിഴ് നാട്,കര്‍ണാടക,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗൈഡുകളായിരുന്നു അവിടെ. രാവിലെ 5 മണി മുതല്‍ രാത്രി 11.30വരെ തിരക്കിട്ട പരിപാടികളായിരുന്നു . ബീ.പീസ് എക്സര്‍സൈസ്, ടെന്‍റ് ഇന്‍സ്പെക്ഷന്‍,ബോധവത്കരണ ക്ളാസ്സുകള്‍ എന്നിവ കൂടാതെ പട്രോള്‍ കൊടി,പട്രോള്‍ എബ്ളം ഇവയുടെ നിര്‍മ്മാണം, സി.ഒ.എച്ച്. പട്രോള്‍ സിസ്റ്റം,പട്രോള്‍മീറ്റിംഗ്, ഭക്ഷണം പാകം ചെയ്യല്‍ എന്നിവ പതിവു പരിപാടികളായിരുന്നു. കൂടാതെ സംഗീതം, പ്രസംഗം, തിരുവാതിര, ഡാന്‍സ് തുടങ്ങിയവയും ക്യാംപു ദിവസങ്ങള്‍ക്ക് ഉണര്‍വേകി.
അഞ്ചാമത്തെ ദിവസം ഞങ്ങള്‍ പുറത്ത് കാഴ്ചകള്‍ കാണാന്‍ പോയി.ഉസ്മാന്‍ നദിയും കല്ല്ലുകൊണ്ട് പണിതുവച്ച ബുദ്ധപ്രതിമയും നല്ല കാഴ്ചകളായിരുന്നു.പിന്നെ മ്യൂസിയത്തിലേയ്ക്ക്. ആനക്കൊമ്പ് കൊണ്ടുളള ശില്പങ്ങള്‍, രാജകീയ സിംഹാസനങ്ങള്‍, പഴയകാലത്തെആയുധങ്ങള്‍, വേഷവിധാനങ്ങള്‍ എല്ലാം കണ്ടു. പിന്നെ ചാര്‍മിനാര്‍.അതിന്റെ ചരിത്രം ടീച്ചര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നു.പ്രസിദ്ധമായ വെങ്കിടേശസ്വാമി ക്ഷേത്രമുറ്റത്തുനിന്നാല്‍ ഹൈദരാബാദ് ഏതാണ്ട് മുഴുവനായും കാണാം.നാലുമണിയോടെ തിരികെ ക്യാമ്പിലെത്തി. ഒരുപാട് കണ്ടതിന്റെയും ആസ്വദിച്ചതിന്റെയും പഠിച്ചതിന്റെയും സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു.
മടക്കയാത്രാദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങള്‍ റെയില്‍വെസ്റ്റേഷനിലെത്തി. മടക്കയാത്രയില്‍ സന്തോഷവും സങ്കടവും തോന്നി. വീട്ടിലെത്താനുളള തിടുക്കം കാരണം സന്തോഷം.ക്യാംപിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടതിലുളള സങ്കടം. ട്രെയിനില്‍ പതിവുപോലെ തിരക്ക്.പരുത്തിച്ചെടികളും പച്ചക്കറിത്തോട്ടങ്ങളും വഴിയോരക്കാഴ്ചകളായി മിന്നിമറഞ്ഞു. രാത്രി ഉറക്കം. അടുത്ത രാത്രി 9 മണിക്ക് കോട്ടയത്ത് എത്തി. അസഹ്യമായ ചൂടായിരുന്നതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. ബസ്സെല്ലാം പോയിക്കഴിഞ്ഞിരുന്നു. ഭാഗ്യത്തിനു് കാഞ്ഞിരപ്പളളി വരെ ബസ് കിട്ടി. പിന്നെ ഓട്ടോയില്‍ വീട്ടിലേയ്ക്ക്. ചെന്നപാടെ കുളിച്ചു. അത്താഴത്തിനുശേഷം സുഖമായ ഉറക്കം.
ഒരു ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ എനിക്കു ലഭിച്ച ഭാഗ്യമാണ് ഈ യാത്ര. ഇതിന്റെ നല്ല ഓര്‍മ്മകള്‍ എന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്ക്കും.
(ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ കുമാരി ബ്ളെസി സെബാസ്ററ്യന്‍ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിവരണം)
No comments:
Post a Comment