കണമലയുടെ നെഞ്ചിലെ മുറിവില്‍ ഇപ്പോഴും ചോര കിനിയുന്നുണ്ട്. ജീവിതയാത്രയുടെ പാതിവഴിയില്‍ ഇവിടെ വച്ചു ജീവന്‍ പൊലിഞ്ഞവര്‍ എത്രയാണ്....
എല്ലാമൊന്നു ശാന്തമായി വരുമ്പോള്‍......
മുറിവൊന്നു വാടിത്തുടങ്ങുമ്പോള്‍ മറെറാന്നുകൂടി....

പിന്നെ എത്ര നാളേയ്ക്കെന്നറിയാതെ ഈ ഭീകരചിത്രങ്ങള്‍ കണമലയെ, വിശാലമായി പറഞ്ഞാല്‍ പമ്പാവാലി എന്ന ഗ്രാമത്തെ പിന്തുടരുകയാണ്....
ഈ ഗ്രാമഹൃദയം വളരെ ലോലമായ ഒന്നാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് മുറിവേല്‍ക്കും. അല്ലെങ്കില്‍ പിന്നെന്തിനാണ് അതിരാവിലെ റബ്ബറുവെട്ടാന്‍ കത്തി തേച്ചുകൊണ്ടിരുന്ന ഒരു സാധാരണകര്‍ഷകന്‍ വെട്ടുപേക്ഷിച്ച് മൂന്നു കിലോമീറററിലധികം ഓടിയും നടന്നുമൊക്കെയായി കിതച്ചുകൊണ്ട് കണമല അട്ടിവളവിലെത്തിയത്? ഒരു ശബരിമലതീര്‍ത്ഥാടകവാഹനം അപകടത്തില്‍പെട്ടെന്ന് കണമലയില്‍നിന്നും തുടങ്ങുന്ന ആദ്യബസിന്റെ ഡ്രൈവര്‍ കൊടുത്ത വിവരമറിഞ്ഞാണ് അയാള്‍ ഇത്രയും ദൂരം താണ്ടിയെത്തിയത്.
അയാള്‍ ഒരു പ്രതീകമാണ്.
പമ്പാവാലിയുടെ മനസ്സാക്ഷിയുടെ പ്രതീകം.
അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഒരു ഗ്രാമമാകെ സഹായഹസ്തവുമായി ഓടിയെത്തുകയായിരുന്നു.
അന്നു മരിച്ചവര്‍ 16 പേര്‍. എല്ലാവരും ആന്ധ്രാസ്വദേശികള്‍. പമ്പാവാലിക്കേററ ആദ്യ ആഘാതം.
പിന്നീട് ഓരോ അപകടവാര്‍ത്തകളും ഗ്രാമം ഞെട്ടലോടെയാണ് കേട്ടത്. അങ്ങനെയൊന്ന് ആവര്‍ത്തിക്കരുതേയെന്ന ഗ്രാമത്തിന്റെ പ്രാര്‍ത്ഥന പക്ഷേ ഫലിച്ചില്ല, നിത്യനിരാമയന്റെ തീരുമാനം മറെറാന്നായിരുന്നു.
വീണ്ടുമൊരു ദുരന്തം.
ഇത്തവണ പക്ഷേ ചോരയൊഴുകിയില്ല. മരണത്തിന് കീഴടങ്ങിയവര്‍ 11 പേര്‍. എല്ലാവരും ആന്ധ്രാസ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍. സാധാരണക്കാരായ, കുടുംബഭാരം തലയിലേററുന്ന തൊഴിലാളികള്‍.
യാത്രക്കൂലിയില്‍ അല്പം ഇളവുകിട്ടുന്നത് വലിയ കാര്യമായി കരുതി ഒരു വലിയ ലോറിയിലാണ് അവര്‍ വന്നത്. യാത്ര സുഗമമാക്കുന്നതിനായി ലോറിയുടെ പ്ളാററ് ഫോമില്‍ അടുക്കിയിരുന്ന മണല്‍ച്ചാക്കിനും മേല്‍ക്കൂരയായി വലിച്ചുകെട്ടിയിരുന്ന ടാര്‍പോളിനുമിടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് 11 പേരും മരിച്ചത്.
ഒരു ഗ്രാമം മുഴുവന്‍ അസ്വസ്ഥതയോടെ മന്ത്രിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ?
റോഡിന്റെ നിര്‍മ്മാണത്തിലെ സാങ്കേതികപ്പിഴവുകളാകാം... ഡ്രൈവറുടെ അമിതജോലിഭാരമോ ഒരു നിമിഷാര്‍ദ്ധത്തെ അശ്രദ്ധയോ വാഹനത്തകരാറോ ആകാം കാരണം. അതുമല്ലെങ്കില്‍ വെറുമൊരു യാദൃച്ഛികതയാവാം. കാരണം 2009ലെ ദുരന്തസ്ഥലത്തുനിന്നും മാറി താരതമ്യേന അപകടസാധ്യത കുറഞ്ഞയിടത്താണ് ഏററവും അവസാനത്തെ അപകടം...
ഈ ഗ്രാമം ഇന്ത്യയുടെ അപകടഭൂപടത്തില്‍ സ്ഥാനം പിടിക്കുന്നതിന്റെ നിരാശയല്ല.
സ്വച്ഛസുന്ദരവും പ്രകൃതിമോഹനവുമായ ഈ താഴ് വര അനേകരുടെ സങ്കടഭൂമിയായി മാറുന്നതിന്റെ നീററലാണുളളില്‍...
അവര്‍ ഞങ്ങളുടെ കൂടപ്പിറപ്പുകളായിരുന്നു...
പല ഭാഷ സംസാരിക്കുന്നവരാണ്....
പക്ഷേ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും ഞങ്ങളുടെയും ഹൃദയത്തിന്റെ ഭാഷ ഒന്നായിരുന്നു....തണുക്കുന്നില്ലിനിയും കരള്‍
കുളിരുമായെത്തുന്ന
കാററും നിലച്ചല്ലോ
മാപ്പെന്‍ സഹജരേ
മാപ്പെന്നയല്‍നാടേ
മറെറാന്നിനുമാവതില്ലിത്തിരി
സ്നേഹമെഴും ചെറുവാക്കുകളല്ലാതെ
ഗ്രാമവീഥിയില്‍ പൊലിഞ്ഞയാത്മാക്കള്‍ക്ക്
പ്രാര്‍ത്ഥനാസ്വരമന്ത്രധാരകളല്ലാതെ...
ജോഷി എം. തോമസ്